Wednesday, March 1, 2017

സ്‌കൂളിന്റെ ഒരു ചിത്രം


ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950കളിൽ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങൾ ദൃശ്യമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി വിദ്യാലയങ്ങൾ ഉയർന്നു വന്നു. പള്ളിയിലെ മൊല്ലമാരുടെ നേതൃത്വത്തിൽ മലബാറിലെ ഓത്തുപള്ളികൾ പലതും സർക്കാർ സഹായത്തോടെ പൊതുവിദ്യാലയങ്ങളായി മാറിക്കൊണ്ടിരുന്ന സമയത്താണ് ഈ ഏറനാടൻ മാപ്പിള പ്രൈമറി സ്കൂൾ നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ തോക്കാംപാറയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.



ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടക്കലിൽ തുടക്കം കുറിക്കുന്നത്. അക്കാലത്താണ് കോട്ടക്കലിൽ ജി.യു.പി.സ്കൂൾ, രാജാസ് ഹൈസ്കൂൾ, ജി.എം.യു.പി സ്കൂൾ എന്നിവ നിലവിൽ വന്നത്. എന്നാൽ, കോട്ടക്കൽ തോക്കാംപാറയുടെ അറ്റത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് രാജാസ് ഹൈസ്കൂൾ തലയെടുപ്പോടെ നിൽക്കുമ്പോൾ തോക്കാംപാറ, പുലിക്കോട്, പാലത്തറ പ്രദേശത്തെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൊട്ടടുത്ത് വിദ്യാലയമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് പള്ളിയിലെ മൊല്ലയും അധ്യാപകനും ആയിരുന്ന കുറുവാക്കോട്ടിൽ മൊയ്തീൻകുട്ടി തോക്കാംപാറയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മണ്ടായപ്പുറം കോയ, മണ്ടായപ്പുറം മൊയ്തീൻ കുട്ടി, മണ്ടായപ്പുറം അബ്ദു എന്നിവർ സ്കൂൾ മാനേജർമാരായി. 2006 മുതൽ എം.സഫിയയാണ് സ്കൂൾ മാനേജർ.

കണ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ. സ്കൂളിൽ ഒന്നാമതായി ചേർന്ന ആൺകുട്ടി കല്ലൻകുന്നൻ മമ്മദുവും പെൺകുട്ടി കദിയാമു പുന്നക്കോട്ടിലും ആണ്.

2013 ജൂലായ് 29 ന് സ്കൂളിന് ന്യൂനപക്ഷ പദവി ലഭിച്ചു. സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2013 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ് നിർവഹിച്ചു. വിവിധ കാലയളവിലായി കുഞ്ഞുണ്ണിമാസ്റ്റർ, നിലമ്പൂർ ആയിഷ, കെ.ടി രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി തുടങ്ങി പല പ്രമുഖരും സ്കൂളിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ന് തോക്കാംപാറയുടെ മണ്ണിൽ തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ ഈ വിദ്യാലയം അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനെത്തുന്ന കുരുന്നുകളുടെ സ്നേഹാലയമാണ്.

No comments:

Post a Comment